ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ? വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ കൂട്ടുമോ? മൊബൈല്‍ ടവറിനടുത്ത് താമസിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ? ഓരോ കാര്യത്തെക്കുറിച്ചും നൂറുനൂറ് സംശയങ്ങളാണ് നമുക്ക്. എല്ലാത്തിനും മറുപടിയിതാ. തയ്യാറാക്കിയത്: ഡോ.ബി.പത്മകുമാര്‍ (അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) ഡോ.ടി.പി.ഉദയകുമാരി (വിമന്‍സ് ഹെല്‍ത്ത് ക്ലിനിക്ക്, കോട്ടക്കല്‍ ആര്യവൈദ്യശാല)
തെക്കോട്ട് തല വെച്ച് കിടക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
നന്ന് കിഴക്കോട്ട്, ആവാം തെക്കോട്ട്, അരുത് വടക്കോട്ട് നന്നല്ല പടിഞ്ഞാട്ട്എന്നാണ് പറയാറ്. ഭൂമിയുടെ കാന്തിക ദിശ വടക്കോട്ടാണ്. അതുകൊണ്ട് വടക്കോട്ട് തലവെച്ചു കിടക്കുന്നത് നന്നല്ല. കാരണം രക്തത്തിലെ വര്‍ണവസ്തുവായ ഹിമോഗ്ലാബിനില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം തലയിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഹാനികരമാണ്. രാത്രിയില്‍ നാം കിടന്നുറങ്ങുമ്പോഴും തലച്ചോര്‍ സുഗമമായി പ്രവര്‍ത്തിച്ചാലേ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുകയുള്ളൂ. തെക്കോട്ടു തലവെച്ച് കിടക്കുമ്പോള്‍ അത്രയും കുഴപ്പമില്ല, കാരണം ഇരുമ്പിന്റെ അംശം കാലിലേക്കു മാത്രമേ പ്രവഹിക്കുകയുള്ളൂ. ഏറ്റവും നല്ലത് കിഴക്കോട്ട് തലവെച്ചു കിടക്കുന്നതാണ്, അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കും.
പ്രമേഹ രോഗികള്‍ ഷുഗര്‍ലെസ് ഷുഗര്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമുണ്ടോ?
കലോറി കുറഞ്ഞതും പഞ്ചസാരയ്ക്കു പകരമുള്ളതുമായ മധുരമാണ് ഷുഗര്‍ഫ്രീ അഥവാ ഷുഗര്‍ലെസ് ഷുഗര്‍. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഈ കൃത്രിമ മധുരപദാര്‍ഥങ്ങള്‍ സുരക്ഷിതമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. അസ്പാര്‍ട്ടം, സുക്രലോസ്, സാക്കറിന്‍ തുടങ്ങിയവയാണ് സുരക്ഷിതമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവ അമിതയളവില്‍ കഴിക്കരുത്. പരമാവധി ചെറിയ ആറു സാഷേകള്‍ വരെ പ്രതിദിനം ഉപയോഗിക്കാം.
സ്ഥിരമായി ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാവുമെന്ന് പറയുന്നു, ശരിയാണോ?
സ്ഥിരമായി ബൈക്ക് യാത്ര ചെയ്യുന്നവരില്‍ പുരുഷവന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. ബൈക്കിലിരുന്ന് യാത്രചെയ്യുമ്പോഴത്തെ ചൂടും നിരന്തരമായ കുലുക്കവും വൃഷണങ്ങളില്‍ വെച്ചുള്ള ബീജ ഉത്പാദനത്തെ കുറയ്ക്കുന്നു. ചൂടാണ് ബീജത്തിന്റെ പ്രധാന എതിരാളി. ചൂടുള്ള അന്തരീക്ഷത്തില്‍നിന്ന് ജോലി ചെയ്യുന്നവര്‍ക്കുപോലും ബീജസംഖ്യ കുറയാറുണ്ട്. അതുകൊണ്ട് ദീര്‍ഘനേരം ബൈക്ക് യാത്രകള്‍ നിരന്തരം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രമേഹം ഉള്ളവര്‍ പഴങ്ങള്‍ കഴിക്കുന്നതുകൊണ്ട് ദോഷമുണ്ടോ? ഏതൊക്കെ പഴങ്ങള്‍ കഴിക്കാം?
പ്രമേഹരോഗികള്‍ക്ക് ചില പഴവര്‍ഗങ്ങള്‍ സുരക്ഷിതമായി കഴിക്കാവുന്നതാണ്. എന്നാല്‍ പ്രമേഹം പൂര്‍ണമായും നിയന്ത്രണവിധേയമാണെങ്കില്‍ മാത്രം പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. പേരയ്ക്ക, വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ നാരുകളടങ്ങിയതും എന്നാല്‍ മധുരം കുറഞ്ഞതുമായ പഴങ്ങളാണ് അഭികാമ്യം. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയ്ക്ക് വഴങ്ങാറില്ല. നാരുകള്‍ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും ആഗിരണത്തെ നിയന്ത്രിച്ചുകൊണ്ട് രക്തത്തിലെ ഇവയുടെ അളവിനെ കുറച്ചുനിര്‍ത്തുന്നു. എന്നാല്‍ ചക്ക, മാമ്പഴം, പഴച്ചാറുകള്‍, ഉണങ്ങിയ പഴങ്ങള്‍ ഇവ ഒഴിവാക്കണം.
മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ടു നടന്നാല്‍ റേഡിയേഷനുണ്ടാവുമോ?
മൊബൈല്‍ ഫോണില്‍ നിന്ന് പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിനെയും മറ്റു ശരീരഭാഗങ്ങളെയും ബാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ഗവേഷണങ്ങളില്‍ ഭൂരിഭാഗവും സൂചിപ്പിക്കുന്നത്. എന്നാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നത് നന്നല്ല. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്.
വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ വരുമോ?
വെളിച്ചെണ്ണയിലെ തൊണ്ണൂറു ശതമാനത്തിലധികം വരുന്ന ഫാറ്റി ആസിഡുകളും പൂരിതമാണ്. പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. അതുപോലെതന്നെ ശരീരത്തിന് ഗുണകരമായ ഒമേഗ 6, ഫാറ്റി ആസിഡുകള്‍ വെളിച്ചെണ്ണയില്‍ തുലോം കുറവാണ്. ശരീരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗപ്പെടുന്ന അപൂരിതകൊഴുപ്പുകളും വെളിച്ചെണ്ണയില്‍ കുറവാണ്. വെളിച്ചെണ്ണയില്‍ നാല്‍പ്പതു ശതമാനത്തോളമുള്ള ലാറിക് ആസിഡുകൊണ്ട് വളര്‍ച്ചയുടെ പ്രായം കഴിഞ്ഞാല്‍ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. വെളിച്ചെണ്ണപ്രിയരായ കേരളീയരുടെ ആഹാരത്തില്‍ 24 മുതല്‍ 28 ശതമാനം വരെ ഊര്‍ജം വെളിച്ചെണ്ണയില്‍ നിന്നാണ് ലഭിക്കുന്നത്. നമ്മുടെയിടയില്‍ അമിത കൊളസ്‌ട്രോളിന്റെ പ്രശ്‌നവും കൂടിവരികയാണ്. അതുകൊണ്ട് വെളിച്ചെണ്ണയുടെ അമിത ഉപയോഗം കുറച്ച് സൂര്യകാന്തിയെണ്ണ, എള്ളെണ്ണ, തവിടെണ്ണ തുടങ്ങിയ അപൂരിത കൊഴുപ്പടങ്ങിയ എണ്ണ കൂടുതലായി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
തണ്ണിമത്തന്‍ കഴിക്കുന്നത് ലൈംഗികശേഷി കൂട്ടുമെന്ന് കേട്ടു. അത് ശരിയാണോ?
തണ്ണിമത്തന് ലൈംഗിക ഉത്തേജനമുണ്ടാക്കാനുള്ള കഴിവുണ്ട്. ഒരു നാടന്‍ വയാഗ്ര (ലൈംഗിക ഉത്തേജന ഔഷധം) ആയിട്ടാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ലിംഗ ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കണം. ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള സംവേദനപ്രവാഹങ്ങള്‍ ലിംഗത്തിലെ നാഡീഞരമ്പുകളിലെത്തുന്നു. ഈ നാഡീഞരമ്പുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഈ നൈട്രിക് ഓക്‌സൈഡാണ് ലിംഗത്തിലെ രക്തധമനികളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന രാസഘടകത്തിന് രക്തധമനികളെ വികസിപ്പിക്കാനും അങ്ങനെ രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. അങ്ങനെ വയാഗ്ര പ്രവര്‍ത്തിക്കുന്നതുപോലെ തണ്ണിമത്തനും ലിംഗ ഉദ്ധാരണത്തിനും ലൈംഗിക സംതൃപ്തിക്കും ഇടവരുത്തും.
ടൈറ്റ് ജീന്‍സിടുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമോ?
ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം. ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശരീരത്തിനകത്തെ താപനിലയെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും ചൂടു കുറവായിരിക്കും വൃഷണങ്ങള്‍ക്ക്. ശരീരതാപനിലയില്‍ ബീജോത്പാദനം നടക്കുകയില്ല. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനുപുറത്ത് പ്രത്യേകം വൃഷണസഞ്ചിയിലാക്കിയിരിക്കുന്നത്. ടൈറ്റായ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ തിങ്ങിഞെരുങ്ങി ശരീരത്തോട് ചേര്‍ന്നിരിക്കുകയും, താപനില കൂടുന്നതുകൊണ്ട് ബീജോത്പാദനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും നല്ലത്. ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരഭാഗങ്ങളിലെ ഈര്‍പ്പം നിലനില്‍ക്കുന്നതിനും ഫംഗസ് ബാധയ്ക്കും ഇടയാക്കാവുന്നതാണ്.
പപ്പായയും മുരിങ്ങയും ഉള്ള സ്ഥലത്ത് മൊബൈലിന് റെയ്ഞ്ച് കൂടുമെന്ന് ചിലര്‍ പറയുന്നു. ശരിയാണോ? ഇവ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്‌നമുണ്ടോ?
മൊബൈല്‍ ടവറുകള്‍പ്രസരിപ്പിക്കുന്ന റേഡിയേഷനെ ആവാഹിക്കാനുള്ള കഴിവ് മുരിങ്ങയ്ക്കും പപ്പായക്കും ഉണ്ടെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് മുരിങ്ങയിലയും പപ്പായയും ഭക്ഷിക്കുന്നത് അര്‍ബുദം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുമെന്ന വാദം തികച്ചും തെറ്റാണ്. ഔഷധഗുണവും പോഷകമൂല്യവുംഏറെയുള്ളതാണ് പപ്പായയും മുരിങ്ങയിലയും. വിറ്റാമിനുകള്‍ ധാരാളമുള്ള മുരിങ്ങയില കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ മുരിങ്ങനീരിന് കഴിയും. വാതരോഗം, മൂത്രതടസ്സം, സന്ധികളിലെ വേദന എന്നിവയ്ക്കും നല്ലതാണ്. പപ്പായയാവട്ടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്.
സ്ഥിരമായി എ.സി മുറിയിലിരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോ?
തുടര്‍ച്ചയായി എ.സി. ഉപയോഗിക്കുന്നതുകൊണ്ട് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എ.സി. ഉപയോഗിച്ച് ശീതീകരിച്ച മുറിയിലെ തണുത്തവായു സ്ഥിരമായി ശ്വസിക്കുന്നതിനെത്തുടര്‍ന്ന് വിട്ടുമാറാത്ത ജലദോഷം, പനി, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. എ.സി. ഉപകരണത്തിലെ ഫില്‍റ്റര്‍ കൃത്യമായി വൃത്തിയാക്കാതെയിരുന്നാല്‍ ബാക്ടീരിയകള്‍ പെരുകി, മുറിയിലെ വായു മലിനമാകാനിടയുണ്ട്. ഈ വായു ശ്വസിക്കുന്നതിനെ തുടര്‍ന്ന് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായേക്കാം. എ.സി.യിലെ വായുചംക്രമണം കുറഞ്ഞ അന്തരീക്ഷത്തില്‍ വൈറസ് ബാധയുമുണ്ടാകാനിടയുണ്ട്. ഇത് തൊണ്ട, മൂക്ക്, ടോണ്‍സില്‍ തുടങ്ങിയവയില്‍ രോഗാണുബാധയ്ക്ക് കാരണമാകാം. സ്ഥിരമായി എ.സി. മുറിയില്‍ ഇരിക്കുന്നതിനെ തുടര്‍ന്ന് സന്ധിവാതരോഗികളുടെ വേദനയും, സന്ധികളുടെ പിടിത്തവും അധികരിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൗതുകകരമായ മറ്റൊരു നിരീക്ഷണം പതിവായി എ.സി.യിലിരിക്കുന്നത് പൊണ്ണത്തടിക്കു കാരണമായേക്കും എന്നതാണ്. അതുകൊണ്ട് എ.സിയുടെ ഉപയോഗം മിതവും നിയന്ത്രണവിധേയമാക്കുകയുംചെയ്യുന്നതാണ് അഭികാമ്യം.
മദ്യത്തോടൊപ്പം ഇഞ്ചി പോലുള്ളവ കഴിച്ചാല്‍ ദോഷങ്ങള്‍ കുറയുമെന്നത് ശരിയാണോ?
മദ്യത്തോടൊപ്പം ചില ഭക്ഷണസാധനങ്ങളും കരള്‍ രോഗത്തിനുള്ള മരുന്നുകളുമൊക്കെ കഴിച്ചാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ കുറയുമെന്ന വിശ്വാസം നിലവിലുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണ്. ഇഞ്ചിയ്ക്കും മറ്റു മരുന്നുകള്‍ക്കും മദ്യത്തോടൊപ്പം കഴിക്കുന്നതുകൊണ്ട് കരള്‍രോഗത്തെയോ ഉദരരോഗങ്ങളെയോ ഒഴിവാക്കാനുള്ള കഴിവൊന്നുമില്ല. മദ്യത്തോടൊപ്പം പലപ്പോഴും കൂടുതലായി അകത്താക്കുന്നത് കൊഴുപ്പുകൂടിയ ഭക്ഷണസാധനങ്ങളായിരിക്കും. ഇത് അമിത കൊളസ്‌ട്രോളിനും തുടര്‍ന്ന് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമൊക്കെ കാരണമാകും.
ഗര്‍ഭിണികള്‍ പുളി, മാങ്ങ എന്നിവയിലൊക്കെ അമിത താത്പര്യം കാട്ടുന്നത് കണ്ടിട്ടുണ്ട്. ഇതെന്തുകൊണ്ടാണ്?
ഗര്‍ഭിണികള്‍ക്ക് ഗര്‍ഭാവസ്ഥയുടെ പ്രാരംഭകാലങ്ങളില്‍ ചില പ്രത്യേക ഭക്ഷണസാധനങ്ങളോട് പ്രതിപത്തി കൂടുതലായി ഉണ്ടാകാറുണ്ട്. സാധാരണയായി മൂന്നാം മാസം പിന്നിട്ട് നാലാം മാസത്തിലേക്കെത്തുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നത്. പ്രത്യേകിച്ചും പുളിരസമുള്ള വസ്തുക്കളോടാണ് കൂടുതല്‍ അഭിനിവേശം ഉണ്ടാകുന്നത്. ഇതിനെ 'വ്യാക്കൂണ്‍' എന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഈ ഒരു ശാരീരികമാറ്റത്തിന് വ്യക്തമായ കാരണം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ക്ക് മണ്ണെണ്ണ, പെട്രോള്‍, നെയില്‍ പോളിഷ്, കളിമണ്ണ് തുടങ്ങിയ വസ്തുക്കോളാടായിരിക്കും കൂടുതല്‍ പ്രതിപത്തി. ഏതായാലും താത്പര്യം അതിരുകടക്കുമ്പോള്‍ വൈദ്യോപദേശം തേടേണ്ടിവന്നേക്കാം.
കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?
കിടപ്പുമുറി ഉറങ്ങാന്‍ മാത്രമുള്ളതാണ്. ശാന്തമായ ഉറക്കം പ്രദാനം ചെയ്യുന്നതായിരിക്കണം കിടപ്പുമുറിയിലെ അന്തരീക്ഷം. കമ്പ്യൂട്ടറും ടി.വി.യുമൊക്കെ കിടപ്പുമുറിയിലേക്ക് എത്തിക്കാതിരിക്കുന്നതാണ് നല്ലത്. രാത്രിയില്‍ കൂടുതല്‍ നേരം ഉറക്കമിളച്ച് ഇവ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ഉറക്കത്തിന് ഭംഗം വരുത്തുന്നു. ഫലമോ പകല്‍സമയത്തുള്ള ഉറക്കം തൂങ്ങലും കോട്ടുവായിടലും തന്നെ. കുട്ടികള്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. പ്രായമുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ കുറഞ്ഞാലും വലിയ കുഴപ്പമില്ല. രാത്രിയില്‍ സുഖമായി ഉറങ്ങിയാല്‍ മാത്രമേ നവോന്മേഷത്തോടെ രാവിലെ ഉണരാന്‍ കഴിയൂ. തല ചൂടാക്കുന്ന ഇലക്‌ടോണിക് ഉപകരണങ്ങള്‍ കിടപ്പറയില്‍ നിന്ന് ഒഴിവാക്കണം.
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ കളിപ്പാട്ടമായി നല്‍കുന്നതില്‍ അപകടമുണ്ടോ?
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും മൊബൈല്‍ഫോണില്‍നിന്ന് പുറപ്പെടുന്ന ഇലക്‌ട്രോ-മാഗ്നറ്റിക് റേഡിയേഷന്‍ പ്രതികൂലമായി ബാധിക്കാം. കുട്ടികളുടെ തലയോട്ടി വളരെ മൃദുവാണ്. അതുകൊണ്ട് കൂടുതല്‍ തരംഗങ്ങള്‍ തലച്ചോറിലെത്താനിടയുണ്ട്.
മൊബൈല്‍ ടവറിനടുത്ത് വീട് വെച്ച് താമസിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമോ?
മൊബൈല്‍ ടവറുണ്ടാക്കാനിടയുള്ള ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി നിരവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടവറില്‍നിന്ന് പുറപ്പെടുന്ന വിദ്യുത് കാന്തികതരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്നാണ് പ്രാഥമിക സൂചനകള്‍. ജര്‍മനിയില്‍ പത്തുവര്‍ഷത്തിലേറെയായി നടത്തിയ പഠനം തെളിയിച്ചത് മൊബൈല്‍ ടവറിനു സമീപം 400 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അര്‍ബുദമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. സ്തനാര്‍ബുദം, കൂടാതെ പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ്, കുടല്‍, ചര്‍മം, ശ്വാസകോശം, രക്താര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം കണ്ടെത്തി. മറ്റുചില പഠനങ്ങളും ഇതേ ദിശയില്‍തന്നെയാണ് സൂചനകള്‍ നല്‍കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനെ തുടര്‍ന്ന് രോഗാണുബാധയ്ക്കും സാധ്യതയേറെയാണ്. മറവിരോഗം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളും മൊബൈല്‍ ടവറിനു സമീപം താമസിക്കുന്നവരില്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
അക്യുപങ്ചര്‍ ചെരിപ്പ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് കൊണ്ട് ദോഷമുണ്ടോ?
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പാദങ്ങളുടെ വേദനയ്ക്ക് അക്യുപങ്ചര്‍ ചെരിപ്പ് ഉപയോഗിക്കുന്നത് ഒരു പരിധിവരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍ നീണ്ടനാള്‍ ഇവ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. പാദങ്ങളുടെ വേദന നിരവധികാരണങ്ങള്‍ കൊണ്ടുണ്ടാകാം. കൃത്യമായ അളവിലും പാകത്തിലുമുള്ള പാദരക്ഷകള്‍ ഉപയോഗിക്കാത്തതുതന്നെ ഒരു പ്രധാന കാരണം. കൂടാതെ ഉപ്പൂറ്റിഭാഗത്തെ അസ്ഥിയ്ക്കുണ്ടാകുന്ന തടിപ്പ്, നാഡീഞരമ്പുകളിലുണ്ടാകുന്ന ചെറിയ വീക്കം (ന്യൂറോമ) തുടങ്ങിയവയും ദീര്‍ഘകാല പാദവേദനയ്ക്കു കാരണമാണ്. എന്നാല്‍ എല്ലാവിധ പാദവേദനകള്‍ക്കും അക്യുപങ്ചര്‍ ചെരുപ്പുകള്‍ ഫലപ്രദമാകണമെന്നില്ല.
യാത്രയില്‍ വായിക്കരുതെന്ന് കേട്ടിട്ടുണ്ട്. അതെന്തുകൊണ്ടാണ്?
യാത്ര ചെയ്യുമ്പോള്‍ കഴിയുമെങ്കില്‍ ദീര്‍ഘനേരമുള്ള വായന ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലിരുന്നുകൊണ്ട് വായിക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണിന് ഫോക്കസ് ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് കണ്ണിന്റെ ചലനങ്ങളെയും കൃഷ്ണമണിയുടെ സങ്കോചവികാസത്തെയും നിയന്ത്രിക്കുന്ന പേശികള്‍ക്ക് കൂടുതല്‍ ജോലിഭാരവും സമ്മര്‍ദവും നല്‍കുന്നു. തുടര്‍ന്ന് കണ്ണുവേദനയും തലവേദനയുമൊക്കെ ഉണ്ടാകാനിടയുണ്ട്. കൂടാതെ ഇടയ്ക്കിടയ്ക്ക് പുറത്തേക്കു നോക്കുമ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ കാണുമ്പോള്‍ കണ്ണിനുണ്ടാകുന്ന അനിയന്ത്രിത ചലനങ്ങള്‍ (ഒപ്‌റ്റോ കൈനറ്റിക് നിസ്റ്റാഗ്മസ്) കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുകയാണ് ചെയ്യുന്നത്.
രാത്രി മോര് കഴിക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതിന് വല്ല കാരണവുമുണ്ടോ?
രാത്രിയില്‍ മോരുകഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമില്ല. എന്നാല്‍ തൈര് കഴിക്കുമ്പോള്‍ അല്പം കരുതല്‍ വേണം. കഫത്തിന്റെ ഉപദ്രവമുള്ളവര്‍ രാത്രിയില്‍ തൈര് കഴിച്ചാല്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.
നേരത്തെ ഉറങ്ങി നേരത്തെ എണീക്കണമെന്ന് പറയാറുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?
പ്രഭാതത്തില്‍ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഇത് ബുദ്ധിക്ക് ഉണര്‍വും ശരീരത്തിന് ഉന്മേഷവും നല്‍കുന്നു. അതിരാവിലെ (ബ്രാഹ്മമുഹൂര്‍ത്തത്തില്‍) ഉണരുന്നതാണ് ഏറ്റവും നല്ലതെന്ന് പഴമക്കാര്‍ പറയുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തൈരും കാന്താരിമുളകും ചേര്‍ത്തു കഴിച്ചാല്‍ മതിയെന്ന് ചിലര്‍ പറഞ്ഞു. ശരിയാണോ?
തൈര് സാധാരണയായി കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയാണ് ചെയ്യുക. പക്ഷേ, മോരില്‍ കറിവേപ്പില അരച്ചുകലക്കി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കാന്താരി മുളകിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
പാലും തൈരും അടുപ്പിച്ച് കഴിക്കരുതെന്ന് പറയാറുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?
പാലിന്റെ കൂടെ പുളിരസമുള്ള പദാര്‍ഥങ്ങള്‍ കഴിക്കരുതെന്ന് പറയാറുണ്ട്. തൈരിന് അമ്ലരസം (പുളിരസം) ഉള്ളതിനാല്‍ പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹനക്കുറവിന് ഇടയാക്കും
എണ്ണ തേച്ചുകുളി ശരീരത്തിന് നല്ലതാണെന്ന് കേട്ടു. വിവിധ പ്രായത്തിലുള്ളവര്‍ക്ക് തേച്ചു കുളിക്കാന്‍ പറ്റിയ എണ്ണകളുണ്ടോ?
എണ്ണതേച്ചുകുളി ഉന്മേഷവും ചര്‍മത്തിന് കാന്തിയും ശരീരത്തിന് ദൃഢതയും നല്‍കുന്നു. സാധാരണയായി കുട്ടികള്‍ക്ക് ലാക്ഷാദി തൈലം, യൗവനാവസ്ഥയിലുള്ളവര്‍ക്ക് ബലാവനാദി തൈലം/ ധാന്വന്തരം തൈലം ഇവ ഉപയോഗിക്കാം. പ്രായമായവര്‍ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കില്‍ അതിനനുസൃതമായ തൈലങ്ങളോ അല്ലെങ്കില്‍ പ്രഭജനം കുഴമ്പ്, കൊട്ടന്‍ ചുക്കാദി തൈലം എന്നിവ ഉപയോഗിക്കാം.
ഗര്‍ഭകാലത്ത് പപ്പായ കഴിക്കരുതെന്ന് പറയാറുണ്ട്. ഇതിലെന്തെങ്കിലും വസ്തുതയുണ്ടോ?
ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്ന് പറയുന്നതില്‍ യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ല. ഒരു അന്ധവിശ്വാസം മാത്രമാണിത്. മുന്‍കാലങ്ങളില്‍ പ്രാകൃതമായ രീതിയില്‍ ഗര്‍ഭമലസിപ്പിക്കാനായി ചില നാട്ടുചികിത്സകര്‍ പപ്പായയുടെ ചുന ഉപയോഗിച്ചിരുന്നു. പപ്പായ ചുന ഗര്‍ഭമലസിപ്പിക്കും എന്ന ഭയം മൂലമാണ് ഇപ്പോഴും പപ്പായയെ അകറ്റിനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ പപ്പായ പഴമോ വേവിച്ച പപ്പായയോ ഗര്‍ഭിണികള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കുകയില്ല. മറിച്ച് പപ്പായയിലടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ ഗര്‍ഭിണിക്ക് ഗുണകരമാണ്. കൂടാതെ മലബന്ധം ഒഴിവാക്കാനും പപ്പായ ഉപകരിക്കും.
ദീര്‍ഘകാലം ഫ്രിഡ്ജില്‍ വെച്ച പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
പച്ചക്കറികള്‍ കഴിയുന്നതും ഫ്രഷായി ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ദീര്‍ഘനാള്‍ ഭക്ഷണസാധനങ്ങളും പച്ചക്കറിയും ഫ്രിഡ്ജില്‍ വെക്കുന്നതിനെ തുടര്‍ന്ന് പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടാനും രോഗാണുബാധ ഉണ്ടാകാനുമിടയുണ്ട്. ഫ്രിഡ്ജിന്റെ പവര്‍സപ്ലൈ, ഫ്രിഡ്ജ് കൈകാര്യം ചെയ്യുന്ന രീതി, ഫ്രിഡ്ജിനുള്ളില്‍ എങ്ങനെയാണ് പച്ചക്കറി സൂക്ഷിച്ചിരിക്കുന്നത്, ഫ്രിഡ്ജിന്റെ താപനില ക്രമീകരണം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ. പച്ചക്കറികളില്‍ സുലഭമായടങ്ങിയിരിക്കുന്ന ജീവകങ്ങളും ആന്റി ഓക്‌സിഡന്റുകളും ദീര്‍ഘനാള്‍ ശീതീകരിച്ചാല്‍ നഷ്ടപ്പെടാനാണിട.
0 comments:
Post a Comment